സംസ്ഥാനത്ത് പുതിയ ഊർജനയം രൂപീകരിക്കാൻ സർക്കാർ; 18 അംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഊർജനയം രൂപീകരിക്കാൻ സർക്കാർ. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുന്നതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. 18 അംഗ വിദഗ്ദ സമിതിയെ സർക്കാർ ഇതിനായി നിയോഗിച്ചു. ഊർജമേഖലയിൽ സമീപകാലത്ത് ഉണ്ടായ മാറ്റം ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാരിന്റെ നടപടി.

ഫെബ്രുവരി 15 -നകം നയത്തിന്റെ കരടുരൂപം സർക്കാരിന് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. എല്ലാമേഖലകളിലും സൗരോർജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ, പുതിയ ഊർജസ്രോതസ്സുകൾ കണ്ടെത്തുന്നതിനും നയം പ്രാധാന്യം നൽകും. സമിതിയുടെ അധ്യക്ഷൻ ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ്. ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് റെജി പിള്ള, റൂർക്കി ഐഐടി പ്രൊഫസർ അരുൺ കുമാർ, എനർജി മാനേജ്‌മെന്റ് സെന്റർ മുൻ ഡയറക്ടർ ഡോ വി കെ ദാമോദരൻ എന്നിവരാണ് സമിതിയിലെ വിദഗ്ദ അംഗങ്ങൾ.

ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുമ്പോൾ സംസ്ഥാനത്തിന് വൈദ്യുതി കൂടുതൽ ആവശ്യമായിവരും. ഇതിനായി സൗരോർജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികൾക്ക് സമിതി രൂപം നൽകും. വാഹനങ്ങളിൽ സോളാർ പാനൽ ഘടിപ്പിക്കുന്നതിന്റെ സാധ്യത, ഇലക്ട്രിക് വാഹനങ്ങളിൽനിന്ന് ഗ്രിഡിലേക്ക് തിരിച്ച് വൈദ്യുതി നൽകുന്നതിനുള്ള വി2ജി (വെഹിക്കിൾ ടു ഗ്രിഡ്) പ്രാവർത്തികമാക്കുക തുടങ്ങിയവയാണ് സമിതിയ്ക്ക് മുന്നിലുള്ള മറ്റ് നിർദേശങ്ങൾ.