ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ വിട്ടുനൽകണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇത് സംബന്ധിച്ച അപേക്ഷ ഇന്ത്യ പാകിസ്ഥാന് കൈമാറി. വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ പാക് ജയിലിൽ കഴിയുകയാണ് ഹാഫിസ് സയിദ്. ഭീകരപ്രവർത്തനത്തിന് പണം സ്വരൂപിച്ച കേസിൽ 33 വർഷത്തെ തടവ് ശിക്ഷ ലഭിച്ച് കഴിയുകയാണ് ഹാഫിസ് സയിദ്. ഹാഫിസിനെതിരെ കേസെടുത്തത് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധവകുപ്പാണ്. ഹാഫിസ് സയീദിന്റെ മകനും ലഷ്‌കറെ തൊയ്ബ നേതാവുമായ ഹാഫിസ് തൽഹ സയീദ് പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കെയാണ് ഇന്ത്യയുടെ നീക്കം.
ലഷ്‌കറെ തൊയ്ബയിലെ രണ്ടാമനാണ് തൽഹ. ഇയാളെ കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

