ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ ശിക്ഷ ലഘൂകരിച്ചിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. മൂന്നുവർഷം മുതൽ 25 വർഷം വരെയാണ് നാവികർക്ക് ജയിൽ ശിക്ഷ നൽകിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ തുടങ്ങിയവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.
ഇതിൽ രാഗേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. ചാരവൃത്തി ആരോപിക്കപ്പെട്ട് തടവിലാക്കിയ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥർക്ക് ഖത്തറിൽ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഇന്ത്യയുടെ ഇടപെടലിനെ തുടർന്നാണ് ശിക്ഷ ലഘൂകരിച്ചത്.
എട്ടുപേരിൽ ഒരാൾ 25 വർഷം ജയിലിൽ കിടക്കേണ്ടി വരും. നാല് പേർക്ക് 15 വർഷം തടവ് ശിക്ഷയും, രണ്ടുപേർക്ക് 10 വർഷവും, ഒരാൾക്ക് മൂന്നുവർഷവുമാണ് തടവ് ശിക്ഷ. നാവികനായ രാഗേഷ് ഗോപകുമാറിനാണ് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയിരിക്കുന്നത്. ഏറ്റവും കടുത്ത ശിക്ഷയായ 25 വർഷം തടവ് കിട്ടിയത് ദഹ്റ ഗ്ലോബലിന്റെ എംഡിയായി ജോലി ചെയ്ത ഓഫീസർക്കാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, വിധിയുടെ പൂർണരൂപം കിട്ടിയ ശേഷം കൂടുതൽ വിശദാംശങ്ങൾ നൽകാമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയത്. കേസിന്റെ രഹസ്യാത്മക സ്വഭാവത്തെ കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. ഊഹാപോഹങ്ങളിൽ ഏർപ്പെടരുതെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

