അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം നിരസിച്ച് ബൃന്ദ കാരാട്ട്

ന്യൂഡൽഹി: സീതാറാം യെച്ചൂരിയ്ക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയെന്നത് ശരിയായ നടപടിയല്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് വിശദമാക്കി. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നിരസിച്ചിരുന്നു. രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠദിന ചടങ്ങിലേക്ക് സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്. ഈ ക്ഷണമാണ് അദ്ദേഹം നിരസിച്ചത്.

അതേസമയം, വിവിധ മേഖലകളിലെ പ്രശസ്തർക്ക് ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നും അമിതാഭ് ബച്ചൻ, രജനികാന്ത്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, അനുപം ഖേർ, ചിരഞ്ജീവി, റിഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്ക് ക്ഷണം ലഭിച്ചു.

എല്ലാ പാർട്ടി അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും എൻ സി പി അധ്യക്ഷൻ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.