പൂരം പ്രതിസന്ധി; സർക്കാർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു

തൃശൂർ: പൂരം പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിളിച്ച യോഗം തീരുമാനാമാകാതെ പിരിഞ്ഞു. വിഷയത്തിൽ കോടതി ഇടപെടലുണ്ടായതിനാൽ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കോടതി ഇടപടലുണ്ടായിട്ടുണ്ട്. കേസ് 4 ന് വച്ചിരിക്കുകയാണ്. പൂരം തടസ്സപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ലെന്നും പൂരം വിജയിപ്പിക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ അറിയിച്ചു. കോടതിയോട് സമ്മതം ചോദിക്കാതെ ഒരു കാര്യവും ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി കെ രാജന്റെ പ്രതികരണം.

ടിഎൻ പ്രതാപൻ എംപിയും യോഗത്തിൽ പങ്കെടുത്തിരുന്നു. സൗജന്യമായി സ്ഥലം വിട്ടു കൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, യോഗത്തിൽ തീരുമാനമായില്ലെന്നും വർധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കിൽ കടുത്ത നിലപാട് എടുക്കുമെന്നും തിരുവമ്പാടി പ്രസിഡന്റ് സുന്ദർ മേനോൻ പറഞ്ഞു. പൂരം എക്‌സിബിഷനോട് രണ്ടു നയമാണ്. മറ്റു ചിലർക്ക് സൗജന്യ നിരക്കിൽ എക്‌സിബിഷൻ ഗ്രൗണ്ട് നൽകുന്നു. ഒരാളെ തെരഞ്ഞ് പിടിച്ചു ദ്രോഹിക്കുകയാണ് ബോർഡെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് വ്യക്തമാക്കി.

മന്ത്രിമാരോട് കാര്യങ്ങൾ ധരിപ്പിച്ചു. സർക്കാർ വേണ്ട രീതിയിൽ ഇടപെടാമെന്ന് അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.