മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത നടപടി ഫാസിസം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരള സദസ് യാത്രക്കിടെ നടന്ന പ്രതിപക്ഷ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് 24 ന്യൂസിലെ മാധ്യമ പ്രവർത്തക വിനീത വിജിക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ഫാസിസത്തിന്റെ പ്രകടമായ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയൻ പെരുമാറുന്നത് ചൈനയിലെയും ക്യൂബയിലെയും കമ്മ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ്. രാജാവിനെതിരായ പ്രതിഷേധം നാട്ടുകാർ കാണരുതെന്നാണ് കൽപ്പന. പ്രതിഷേധക്കാരെ സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതയ്പ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി അക്രമത്തെ ജീവൻരക്ഷാ പ്രവർത്തനമായി വ്യാഖ്യാനിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകയ്‌ക്കെതിരെ എടുത്ത കേസ് നവകേരളത്തിന്റെ കരുതലാണെന്ന് മുഖ്യമന്ത്രി പറയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. കേരളം ഇന്ത്യയിലാണെന്ന് പിണറായി വിജയൻ മറക്കരുതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.