ന്യൂഡൽഹി: 2024 ലെ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ ക്ഷണിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എത്തില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന് ക്ഷണം നൽകിയതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് യുഎസ് പ്രസിഡന്റിന് ഇന്ത്യയിലേക്ക് എത്താൻ കഴിയാത്തത്.
ഇമ്മാനുവൽ മാക്രോൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിലെത്തിയാൽ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ എത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാകും അദ്ദേഹം. 1980 ൽ വാലി ജിസ്ഗാർഡും 1998ൽ ജാക്ക്സ് ഷിരാഗും 2008ൽ നിക്കോളാസ് സർക്കോസിയും 2016ൽ ഫ്രാൻസിസ് ഹോളൻഡെയും റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.
ഈ വർഷം സെപ്റ്റംബറിൽ ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിൽ എത്തിയിരുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായാണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യയും ഫ്രാൻസും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. ഇത് കണക്കിലെടുത്താണ് ചടങ്ങിലേക്ക് ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ചത്.

