നവകേരള സദസ് ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടിയല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസ് ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനും ഈ നാട്ടിലെ കുഞ്ഞുങ്ങൾക്കും വേണ്ടി ഉള്ള പരിപാടി ആണിതെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ശ്രമിക്കുന്നത് കേരളത്തിന്റെ ആവശ്യത്തിനായി എല്ലാവരെയും കൂടെ നിർത്താൻ ആണ്. നാടിന്റെ വിശാല താത്പര്യം ആണ് തങ്ങളെ നയിക്കുന്നത്. പരിപാടി ബഹിഷ്‌കരിച്ചവർ പോരായ്മ ചൂണ്ടിക്കാണിക്കാമായിരുന്നു. അത് ഉണ്ടായില്ല. ഇത് നാടിനു എതിരായ സമീപനം ആണ്. നാടിന്റെ വികസനത്തിന് അല്ലേ കടമെടുക്കുന്നത്. അല്ലാതെ എൽഡിഎഫിന് പുട്ടടിക്കാൻ അല്ലാല്ലോ. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളർച്ചയിലും ഉത്പ്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലും മികച്ച വളർച്ച നേടാൻ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളർച്ചയും തനത് വരുമാനത്തിൽ 41 ശതമാനം വർദ്ധനവും കൈവരിച്ചു. ആഭ്യന്തര ഉൽപ്പാദനം അഞ്ചു ലക്ഷം കോടിയിൽ നിന്നും ഇപ്പോൾ 10 ലക്ഷം കോടിയിൽ പരമായി. പ്രതിശീർഷ വരുമാനം ഒരുലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയായി വർദ്ധിച്ചു. ഇത്രയേറെ മുന്നേറ്റം കൈവരിച്ച സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകാൻ പാടില്ലാത്തതാണ്. എന്നാൽ കേന്ദ്രം അർഹമായ വിഹിതം നൽകാത്തതിനാൽ നിലവിൽ കാലാനുസൃത വികസനം കൈവരിക്കാനാകുന്നില്ല. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയിൽപരം രൂപയുടെ കേന്ദ്രവിഹിതത്തിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായത്. കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. നാടിന്റെ വികസനത്തിന് വായ്പ എടുക്കാനുളള ശ്രമങ്ങളിലും ഭരണഘടനാ വിരുദ്ധമായി കേന്ദ്രം ഇടപെടുകയാണ്. ഇതിനെതിരെ ഒന്നിച്ച് ശബ്ദമുയർത്തേണ്ട സമയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ അറുപത്തിനാലു ലക്ഷത്തോളം പേർക്കാണ് 1,600 രൂപ വീതം സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത് കൃത്യമായി നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇത്രയധികം പേർക്ക് ഇത്രത്തോളം തുക നൽകണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സമ്പന്നരെ അതിസമ്പന്നരാക്കുന്നതിനും ദരിദ്രരെ അതി ദരിദ്രരാക്കുന്നതിനുമുള്ള സമീപനം രാജ്യം പിൻതുടരുമ്പോൾ സംസ്ഥാന സർക്കാരിന് ആരേയും ഒഴിവാക്കാനാകില്ല. നവകേരള സദസ്സുകളിൽ ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിന് കരുത്തുപകരുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്‌ക്കൊള്ളൂ ഞങ്ങൾ കൂടെയുണ്ടെന്നുള്ള സന്ദേശമാണ് അവർ നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.