ലോക്സഭയിൽ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ചു; രണ്ട് എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ലോക്സഭയിൽ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി സസ്പെന്റ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്പെന്റ് ചെയ്തത്. സ്പീക്കറുടെ ചേംബറിൽ കയറിയും ഡെസ്‌കിൽ കയറി ഇരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകൾ വലിച്ചു കീറി എറിഞ്ഞു. പിന്നീടാണ് എംപിമാർക്ക് സസ്‌പെൻഷൻ ലഭിച്ചത്. ഇതോടെ കേരളത്തിൽ നിന്നുള്ള 20 ൽ 18 എംപിമാരും സസ്പെൻഷനിലായി. ആകെ 143 എംപിമാരെയാണ് ഇരുസഭകളിലുമായി സസ്‌പെൻഡ് ചെയ്തത്.

ലോക്സഭയിൽ ഇനി കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയും എംകെ രാഘവനും മാത്രമാണ് ബാക്കിയുള്ളത്. രാജ്യസഭയിൽ നടപടി നേരിടാത്തവർ എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരാണ്. ലോക്സഭയിൽ നിന്ന് മാത്രം ഇതുവരെ 97 എംപിമാർ സസ്പെൻഷനിലായി. എംപിമാരുടെ കൂട്ട സസ്പെൻഷനെ വിമർശിച്ച് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്ര ശേഖർ ആസാദ് രംഗത്തെത്തി. സുരക്ഷാ വീഴ്ച പോലെ തന്നെ ഗൗരവതരമാണ് കൂട്ട സസ്പെൻഷനുമെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിക്ക് ഇതും ചരിത്രപരമെന്ന് അവകാശപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്‌പെൻഡ് ചെയ്തത്.