കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസ് നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. വെള്ളിയാഴ്ച്ചത്തേക്കാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
റുവൈസിന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇന്ന് ഹർജി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയിൽ വിശദമാക്കി. പിതാവിനെ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റുവൈസ് പറഞ്ഞു.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

