അങ്കമാലി-ശബരിമല റെയിൽപാത; കേരള സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാലാണ് വൈകുന്നതെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേരള സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര റെയിൽവെമന്ത്രി അശ്വിനി വൈഷ്ണവ്. കേരള സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാലും മറ്റ് ചില പ്രശ്‌നങ്ങൾ മൂലവുമാണ് അങ്കമാലി-ശബരിമാല റെയിൽപാത വൈകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല ക്ഷേത്രത്തിലേക്ക് തീർഥാടകർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന മാർഗമാണിത്. എരുമേലി വഴി അങ്കമാലി-ശബരിമല പാതയ്ക്ക് 1997-98 സാമ്പത്തിക വർഷത്തിൽ അനുമതി നൽകിയതാണ്. അങ്കമാലി-കാലടി (7 കിലോമീറ്റർ), കാലടി-പെരുമ്പാവൂർ (10കിലോമീറ്റർ )ദീർഘദൂര ജോലികൾ ഏറ്റെടുത്തണാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ഭൂമിയേറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരം, പദ്ധതിക്കെതിരേയുള്ള കേസുകൾ, സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇവയൊക്കെ കാരണം ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. അങ്കമാലി-ശബരിമല റെയിൽവെ പാതയുടെ നിലവിലെ അവസ്ഥയെന്തെന്ന് സംബന്ധിച്ച് കോൺഗ്രസ് എം പി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു കേന്ദ്രമന്ത്രി. ശബരിമലയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള എരുമേലിയിൽ അലൈൻമെന്റ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കൊടുംവനത്തിലൂടെയാണ് അലൈൻമെന്റ് എന്നതും സർവേയിലെ പ്രശ്നങ്ങളും കാരണമാണ് ഇതെന്നും അദ്ദേഹം വിശദമാക്കി.