മേപ്പാടി: ചുളിക്ക മേഖലയിലെ കടുവ ഭീതി ഒഴിയുന്നില്ല. കഴിഞ്ഞദിവസം ചുളിക്കയിൽ പശുവിനെ കടുവ കടിച്ച് കൊലപ്പെടുത്തി. പി വി ശിഹാബ് എന്നയാളുടെ പശുവിനെയാണ് കൊലപ്പെടുത്തിയത്. ആക്രമണമുണ്ടായ സ്ഥലത്തു കടുവയുടേതിനു സമാനമായ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പശുവിന്റെ ജഡം കണ്ടെത്തിയ സ്ഥലത്തു ക്യാമറ സ്ഥാപിച്ചു. കടുവ ശല്യം രൂക്ഷമായ മേഖലയാണിത്. മേഖലയിലെ തേയിലത്തോട്ടത്തിൽ താവളമാക്കിയ കടുവ കഴിഞ്ഞ 4 മാസങ്ങൾക്കിടെ 11 പശുക്കളെയാണു ആക്രമിച്ചു കൊലപ്പെടുത്തിയത്.
പ്രദേശവാസിയായ പെരിയങ്ങാടൻ നാസറിന്റെ മാത്രം 7 പശുക്കളെയാണു കടുവ കൊന്നത്. കഴിഞ്ഞ നവംബർ ഒന്നിന് ചുളിക്ക ഫാക്ടറിക്കു സമീപമെത്തിയ കടുവ പ്രദേശവാസിയായ കൊളമ്പൻ ഷഹീറിന്റെ പശുവിനെ കൊന്നിരുന്നു. കഴിഞ്ഞ സെപ്തംബറിൽ, പ്രദേശവാസിയായ മുല്ലപ്പള്ളി യാഹുവിന്റെ വീട്ടുമുറ്റത്തെത്തിയ കടുവ തൊഴുത്തിൽ നിന്നു പശുവിനെ കൊണ്ടുപോയിരുന്നു. കടുവയെ കൂടു വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ ഉപരോധം നടത്തിയിരുന്നു.

