തിരുവനന്തപുരം: നവകേരള സദസ്സിനായി ഇതുവരെ പൊളിച്ചത് 13 മതിലുകൾ. സ്‌കൂൾ മതിലുകളാണ് പൊളിച്ചതിൽ അധികവും. പുനർനിർമിച്ച് നൽകുമെന്ന ഉറപ്പിലാണ് മതിലുകൾ പൊളിക്കുന്നത്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും പലയിടത്തും പണി ആരംഭിച്ചിട്ടില്ല.
പല സ്ഥലങ്ങളിലും മതിൽ പൊളിക്കുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പാലക്കാട്, എറണാകുളം, മലപ്പുറം, തൃശൂർ, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലെല്ലാം മതിൽ പൊളിച്ചിട്ടുണ്ട്.
മാവേലിക്കര ഗവ. ബോയ്‌സ് സ്‌കൂൾ മൈതാനത്തെ വേദിക്ക് സമീപം നവകേരള ബസ് എത്തുന്നതിനായി സ്‌കൂൾ കവാടം പൊളിച്ച് വീതി കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് കോൺഗ്രസ് ഭരണമുള്ള നഗരസഭ തള്ളിയിരുന്നു. ഇതിനിടെ മതിലിന്റെ ഒരു ഭാഗം അജ്ഞാതർ പൊളിച്ചുനീക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തൃശൂർ മാള സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ മൂന്ന് മതിലുകളാണ് എട്ടര മീറ്റർ വീതം പൊളിച്ചത്. 55,000 രൂപയാണ് ഇതിനായി കണക്കാക്കിയത്.
എറണാകുളത്ത് മൂന്നിടത്താണ് സ്‌കൂൾ മതിൽ പൊളിച്ചത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂർ ഗവ. സ്‌കൂളിൽ മതിൽ പൊളിക്കുന്നതിനെതിരേ യുഡിഎഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റി രംഗത്തെത്തിയിരുന്നു. എന്നാല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ മതില്‍ പൊളിച്ചു. പരിപാടി കഴിഞ്ഞ് പിറ്റേദിവസം തന്നെ സംഘാടകസമിതി പൊളിച്ചഭാഗം കെട്ടി നൽകുകയും ചെയ്തു.

