പാർലമെന്റിൽ കടന്നുകയറി അതിക്രമം; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

ന്യൂഡൽഹി: പാർലമെന്റിൽ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന ലളിത് ഝാ അറസ്റ്റിൽ. പോലീസ് സ്‌റ്റേഷനിലെത്തി ഇയാൾഡ സ്വയം കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ബീഹാർ സ്വദേശിയാണ് ഇയാൾ. കർത്തവ്യപഥ് പോലീസിന് മുന്നിൽ കീഴടങ്ങിയ ഇയാളെ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന് കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം.

ലളിത് ഝാ ആയിരുന്നു പാർലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്‌പ്രേ അടിക്കുമ്പോൾ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പിന്നീട് കൂട്ടാളികളുടെ ഫോണുകളുമായി ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് ഒരു എൻജിഒ നേതാവിന് ഈ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ ഭദ്രമായി സൂക്ഷിക്കണമെന്നും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ഈ നേതാവ് ഇയാളോട് ആവശ്യപ്പെട്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്സഭയുടെ ശൂന്യവേളയിൽ ചേംബറിൽ ചാടിയിറങ്ങിയായിരുന്നു പ്രതികൾ അക്രമം നടത്തിയത്. സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരാണ് ചേംബറിൽ ചാടിയിറങ്ങിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടിയത്.