തിരുവനന്തപുരം: ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ കാവിവത്കരണ നിലപാടുകൾക്കെതിരെ എസ്എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണറുടെ വാഹനത്തിന് മുമ്പിൽ ചാടി എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചിട്ടില്ല. റോഡിനരികിൽ നിന്നാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിക്കുന്നതിനെ ആരും എതിർത്തിട്ടില്ല. എന്നാൽ, ചാവേറുകളെ പോലെ മുമ്പിൽ വീണ് പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് ഇടപെട്ടത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗവർണർക്കെതിരേയുള്ള എസ്എഫ്‌ഐയുടെ പ്രതിഷേധം തുടരും. ജനാധിപത്യസമൂഹത്തിൽ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഫാസിസ്റ്റ് രാജ്യമല്ലല്ലോ. എന്നാൽ, പ്രതിഷേധം അക്രമമായി വരുമ്പോഴാണ് അതിനെ എതിർക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്എഫ്‌ഐയുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടാകാൻ പാടില്ല, ആത്മസംയമനത്തോടെ പ്രതിഷേധിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെയൊന്നും തകരുന്ന ഒന്നല്ല കേരളത്തിലെ ക്രമസമാധാന നിലയെന്നും എം വി ഗോവിന്ദൻ വിശദമാക്കി.

