ഇടുക്കി: ഗവർണർക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാർ. മന്ത്രിമാരായ വി ശിവൻകുട്ടി പി എ മുഹമ്മദ് റിയാസ്, പി രാജീവ്, എ കെ ശശീന്ദ്രൻ തുടങ്ങിയവരാണ് എസ്എഫ്ഐയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാർത്ഥികളെ മോശം വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ഗവർണറുടെ സംസ്കാരമാണെന്നും. പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയ ഗവർണറുടെ നടപടി തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
ക്യാംപസിലെ കാവിവൽകരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ പ്രവർത്തകർ ചെയ്യുന്നതെന്നായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം. എസ്എഫ്ഐയെപ്പോലെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെഎസ്യുവിനുമുണ്ട്. പ്രതിഷേധിച്ച എസ്എഫ്ഐയ്ക്ക് ഷെയ്ക് ഹാൻഡ് നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ഗവർണർ വാഹനത്തിനു പുറത്തിറങ്ങിയതിനെ വിമർശിച്ചാണ് മന്ത്രി പി രാജീവ് രംഗത്തെത്തിയത്. ഗവർണർക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ല. എസ്എഫ്ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാനാകൂ. ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമായിരുന്നു. വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.
അതേസമയം, ഗവർണർ ഹീറോ ആകാൻ ശ്രമിക്കുന്നുവെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ വിമർശനം. ഗവർണർ തരംതാണ ഒരു ആർഎസ്എസുകാരനെ പോലെ പ്രവർത്തിക്കുകയാണ്. കരിങ്കൊടി കാണിച്ചപ്പോൾ അദ്ദേഹം കാറിൽനിന്ന് ഇറങ്ങിവന്ന് ഗുണ്ടകളെ പോലെ പെരുമാറിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

