ഹാദിയയെ വിട്ടുകിട്ടണം; അച്ഛൻ അശോകന്റെ ഹർജിയിൽ കേരള പൊലീസിന് നോട്ടീസ് അയച്ച് കോടതി

കൊച്ചി: ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ കെ എം അശോകൻ നൽകിയ ഹർജിയിൽ കേരള പൊലീസിന് നോട്ടീസ് അയച്ച് ഹൈക്കോടതി. അശോകൻ നൽകിയ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ അനു ശിവരാമൻ, ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്ച്ചക്കുള്ളിൽ ഐജി വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിവിഷൻ ബെഞ്ച് ഡിസംബർ 18ന് ഹർജി വീണ്ടും പരിഗണിക്കും. ഹാദിയയെ ഒരു മാസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ എം അശോകൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. മലപ്പുറത്ത് ഹെൽത്ത് ക്ലിനിക് നടത്തുകയായിരുന്നു ഹാദിയ.

മലപ്പുറം സ്വദേശി എ എസ് സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്ന് പിതാവ് ആരോപിക്കുന്നു. മലപ്പുറത്ത് മകൾ ഹോമിയോ ക്ലിനിക് തുടങ്ങിയെന്നും ഒരുമാസമായി കാണാനില്ലെന്നും അശോകന്റെ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും ഇടയ്ക്ക് ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. മകൾ എവിടെയാണെന്ന് അറിയില്ലെന്നാണു പരിസരത്തുള്ളവർ പറഞ്ഞതെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.