അധികകാലം ഒപ്പിടാതെ ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ല; മുഖ്യമന്ത്രി

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനജീവിതവുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിടിച്ചുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂനിയമ ഭേദഗതി ബില്ലിലടക്കം ഗവർണർ ഇപ്പോഴും പരിശോധനയിലാണ്. ഒപ്പ് ഇടാൻ തയ്യാറാവുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അധികകാലം ഒപ്പിടാതെ ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ല. ബില്ലുകളിൽ ഒപ്പിടേണ്ടി വരും. ബില്ലുകൾ പിടിച്ചുവെക്കുന്നത് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപിയുടെ മനസിൽ ചെറിയ നീരസം പോലും ഉണ്ടാകരുതെന്ന് കോൺഗ്രസും യു ഡി എഫും കരുതുന്നുണ്ട്. അതിന്റെ ഭാഗമായാണ് ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ നിലപാട് സ്വീകരിക്കുന്നത്. എല്ലാ ഘട്ടത്തിലും വർഗീയതയോട് സമരസപ്പെട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിനെതിരെ പ്രവർത്തിക്കുന്ന ബിജെപിയുടെ അതേ മാനസികാവസ്ഥയാണ് കോൺഗ്രസിനും യുഡിഎഫിനും. നാടിന്റെ പുരോഗതി തടയാൻ ഒരു ശക്തിക്കും കഴിയില്ല. ലോകത്തിന് മുന്നിൽ നാം തന്നെ കാണിച്ച പാഠമാണത്. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ നമ്മെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ സഹായിക്കാതിരുന്നിട്ടും കേരളം തകർന്നില്ല. ജനങ്ങളുടെ ഐക്യത്തിൽ നാം പുരോഗതി നേടി. നമ്മുടെ മുന്നോട്ടുപോക്കിനെ എങ്ങനെയൊക്കെ തടയാം എന്ന് കേന്ദ്ര സർക്കാർ ചിന്തിക്കുന്നു. പ്രാദേശിക സർക്കാരുകൾക്ക് ധനവും അധികാരവും നൽകേണ്ടതുണ്ട്. പക്ഷെ കേരളത്തിന് അത് ലഭിക്കുന്നില്ല. നവകേരള സദസ്സിൽ അധ്യക്ഷത വഹിക്കേണ്ടത് എംഎൽഎമാരാണ്. ഈ പരിപാടി നിശ്ചയിച്ചപ്പോൾ സർക്കാർ അങ്ങനെയാണ് തീരുമാനിച്ചത്. പക്ഷെ യുഡിഎഫ് ബഹിഷ്‌കരിച്ചു. ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. ഇവിടുത്തെ എംഎൽഎ ഈ പരിപാടിയിലില്ല. മുമ്പ് ഇവിടെ നടന്ന പ്രധാന പരിപാടിയിലും അദ്ദേഹം സഹകരിച്ചില്ല. സർക്കാരിന്റെ ഏത് പരിപാടിയുമായും സഹകരിക്കാതിരിക്കാനുള്ള മാനസികാവസ്ഥയിലാണ് യുഡിഎഫെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. ലോക്സഭയിൽ 18 എംപിമാർ യുഡിഎഫിനുണ്ട്. ഇവർ കേരളത്തിന്റെ പ്രശ്നം ഉന്നയിക്കുന്നത് കാണുന്നില്ല. നമ്മെ ദ്രോഹിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അതേ മാനസികാവസ്ഥയിലാണ് കോൺഗ്രസും യുഡിഎഫും. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപിമാരുടെ യോഗം വിളിക്കുന്ന പതിവുണ്ട്. കേരളത്തിന് അർഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പക്ഷെ യുഡിഎഫ് എംപിമാർ ഒപ്പിട്ടില്ല. ബിജെപിയുടെ അതേ സമീപനം തന്നെയാണ് ഇവർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.