തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പ ഭക്തജനങ്ങൾക്ക് ആവശ്യമായ കൂടുതൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി തയ്യാറാകണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകാരൻ. നവ കേരള സദസിൽ മുഖ്യമന്ത്രിയുടെ വാലെപിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലകാലത്ത് ശബരിമലയിൽ മുൻകാലങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താൻ ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ചുമതലയുണ്ടായിരുന്നു. നവ കേരള സദസ് പുരോഗമിക്കുന്നതിനാൽ ഇപ്പോൾ മന്ത്രിതലത്തിലുള്ള ഏകോപനം നടക്കുന്നില്ല.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പിആർ എക്സർസൈസിന്റെ ഭാഗമായുള്ള നവ കേരള സദസിൽ മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സർക്കാരിനും ദേവസ്വം ബോർഡിനും ശ്രദ്ധയുള്ളത് ഭക്തരുടെ കയ്യിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ മാത്രമാണ്. അവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനോ അവരുടെ ജീവന് സുരക്ഷ ഏർപ്പെടുത്തുന്നതിനോ സർക്കാരിന് കഴിയാതെ പോകുന്നു. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്ന പരാതി ഭക്തർ നിരന്തരം ഉന്നയിക്കുന്നുണ്ട്. മണ്ഡലകാല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതര അലംഭാവമാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്ത് നിന്നുണ്ടായത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസിന്റെ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ശബരിമലയിൽ ആവശ്യത്തിന് പോലീസുകാരുടെ കുറവുണ്ട്. ഇത് തിരക്ക് നിയന്ത്രിക്കുന്നതിന് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല ദർശനത്തിന് പ്രതിദിനം പതിനായിരകണക്കിന് ഭക്തരാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നത്. ഭക്തർക്ക് കൂടുതൽ പരിഗണന നൽകേണ്ട സ്ഥലമായിട്ടും പോലീസുകാരെ സ്വന്തം സുരക്ഷക്കായി വിന്യസിക്കുന്ന അൽപ്പനായി മുഖ്യമന്ത്രി മാറി. മുൻപ് ശബരിമല വിഷയത്തിൽ കൈപൊള്ളിയതിന്റെ പ്രതികാരമാണോ ഇപ്പോൾ സർക്കാർ സ്വീകരിക്കുന്ന അലംഭാവമെന്ന് സംശയമുണ്ട്. ഇനിയൊരു അപകടം ഉണ്ടായാൽ മാത്രമെ സർക്കാർ കണ്ണുതുറന്ന് നടപടി സ്വീകരിക്കുയെന്നത് തീർത്തും നിർഭാഗ്യകരമാണ്. മണിക്കൂറുകളായി നീളുന്ന ക്യൂവിൽ നിന്ന് കുട്ടികളും വൃദ്ധരുമായ ഭക്തർ ഉൾപ്പെടെ വലയുകയാണ്. കുടിക്കാൻ വെള്ളമോ, കഴിക്കാൻ ആഹാരമോ കിട്ടാത്ത സാഹചര്യമാണുള്ളത്. മിക്കവർക്കും ഹൃദയസംബന്ധമായ അസുഖം ഉൾപ്പെടെ വിവിധ രോഗങ്ങള്ളുവരും ശബരിമല ദർശനത്തിനായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 10 വയസുകാരി കുഴഞ്ഞ് വീണ് മരിക്കാനിടയായി. പതിനെട്ട് മണിക്കൂറോളം നീളുന്ന ക്യൂവിലെ തിക്കിലും തിരക്കിലും പെട്ട് പല അയപ്പ ഭക്തരും കുഴഞ്ഞുവീഴുന്ന കാഴ്ച പതിവായിട്ടുണ്ട്. മണിക്കൂറുകളായി ക്യൂവിൽ നിൽക്കുന്നിടങ്ങളിലെല്ലാം മേൽക്കൂര സൗകര്യം ഇല്ലാത്തതിനാൽ മഴയും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ക്യൂവിൽ നിന്ന് തളർന്ന ഭക്തർ ക്യൂവിൽനിന്നെറങ്ങി ചെങ്കുത്തും വഴുക്കുള്ളതുമായ പ്രദേശം വഴി സന്നിധാനം ലക്ഷ്യമായി നടക്കുന്നത് കൂടുതൽ അപകടത്തിന് വഴിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

