ന്യൂഡൽഹി: മദ്യവ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിന്ന് ആദാനികുതി വകുപ്പ് പിടിച്ചെടുത്ത 290 കോടി രൂപയുടെ കള്ളപ്പണത്തിൽ കോൺഗ്രസ് എം പി ധീരജ് സാഹുവിന്റെ പങ്കിനെതിരെ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കള്ളപ്പണ ഇടപാടിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. തടിയൂരാൻ എത്ര ശ്രമിച്ചാലും നിയമം നിങ്ങളെ വെറുതെ വിടില്ലെന്നും നദ്ദ അറിയിച്ചു.
ഇതിനു മറുപടി പറയേണ്ടത് നിങ്ങളും നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുമാണ്. ഇത് പുതിയ ഇന്ത്യയാണ്. ഇവിടെ രാജകുടുംബത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യാൻ സാധിക്കില്ല. തടിയൂരാൻ എത്ര ശ്രമിച്ചാലും നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. കോൺഗ്രസ് അഴിമതിയുടെ ഗ്യാരന്റിയാണ് നൽകുന്നതെങ്കിൽ മോദിജി അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഗ്യാരന്റി നൽകുന്നു. ജനങ്ങളിൽ നിന്ന് അപഹരിച്ച ഓരോ നാണയവും അവരിലേക്ക് തന്നെ തിരികെയെത്തുമെന്നും അദ്ദേഹം അറിയിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

