ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിക്കാൻ ഇൻഡൊനീഷ്യയും. 20 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഇൻഡൊനീഷ്യ വിസ രഹിത പ്രവേശനം അനുവദിക്കുക. ഒരു മാസത്തിനുള്ളിൽ ഈ തീരുമാനത്തിന് അംഗീകാരം നൽകുമെന്നാണ് ഇൻഡൊനീഷ്യൻ ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, ചൈന തുടങ്ങി 20 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ രഹിത പ്രവേശനം അനുവദിക്കാനൊരുങ്ങുന്നത്.
രാജ്യത്തേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനും കൂടുതൽ വിദേശനാണ്യം നേടാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നടപടി. നേരത്തെ വിദേശ സഞ്ചാരികൾക്ക് രാജ്യത്ത് കൂടുതൽ ദിവസം താമസിക്കാൻ സാധിക്കുന്ന ഗോൾഡൻ വിസയ്ക്കും ഇൻഡൊനീഷ്യ അംഗീകാരം നൽകിയിരുന്നു.
ഇൻഡോനീഷ്യയിൽ കോവിഡ് വ്യാപനത്തിന് മുൻപ് 2019 ൽ 1.6 കോടി വിദേശ വിനോദ സഞ്ചാരികൾ എത്തിയിരുന്നു. 2023 ജനുവരി-ഒക്ടോബറിലെത്തിയത് 94.9 ലക്ഷം സഞ്ചാരികളാണ്. ബാലി ദ്വീപാണ് ഇൻഡൊനീഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം. സഞ്ചാരികളുടെ സ്വർഗമെന്നറിയപ്പെടുന്ന സ്ഥലമാണിത്. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ബാലിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ.

