മുംബൈ: ഐസിസ് ഭീകര ശൃംഖലയിൽ പെട്ട 15 ഭീകരരെ കസ്റ്റഡിയിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി. മഹാരാഷ്ട്രയിലും കർണാടകയിലും നടത്തിയ വ്യാപക റെയ്ഡിനിടെയാണ് എൻഐഎ ഭീകരരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഐസിസ് മോഡ്യൂൾ സജീവ നേതാവും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന അംഗങ്ങൾ ഐസിസിനോട് കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന വ്യക്തിയാണ് ഇയാൾ എന്നാണ് വിവരം. മഹാരാഷ്ട്രയിലെ താനെ, മിറാ റോഡ്, പൂനെ തുടങ്ങിയ സ്ഥലങ്ങളിലും കർണാടകയിലെ ബംഗളൂരുവിലും ആയിരുന്നു എൻ ഐ എ റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലർച്ചെ മുതലായിരുന്നു പരിശോധന. ഭീകരവാദം പ്രോത്സാഹിപ്പിക്കുകയും നിരോധിത സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത 15 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
ആയുധങ്ങളും കുറ്റകരമായ രേഖകളും സ്മാർട്ട് ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഡിവൈസുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കണക്കിൽ പെടാത്ത പണവും വെടിക്കോപ്പുകളും കണ്ടെത്തി. അറസ്റ്റിലായവർ ഐ ഇ ഡി ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിൽ ഏർപ്പെടുന്നവർ ആയിരുന്നു. ഇവർ പ്രവർത്തിച്ചിരുന്നത് വിദേശത്തുനിന്നുള്ള ഐസിസ് ഭീകരരുടെ സഹായത്തോടെയായിരുന്നു.

