കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്നുമുള്ള ധാരണ തിരുത്തിക്കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വികസനം കേരളത്തിൽ സാധ്യമല്ലെന്നും കേന്ദ്ര സർക്കാരിന്റെ വ്യവസായ സൗഹൃദ സൂചികയിൽ കേരളം 15-ാമത് എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഇൻഫോപാർക്കിൽ തുടങ്ങിയ ഐബിഎം സോഫ്റ്റ് വെയർ ലാബിൽ മാത്രം ഒരു വർഷം കൊണ്ട് 1000 പേർക്കു ജോലി ലഭിച്ചു. ടാറ്റാ എലക്‌സിക്കു കഴക്കൂട്ടം കിൻഫ്ര പാർക്കിൽ 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി സ്ഥലം കൈമാറി. 3500 പേർ ഇവിടെ ജോലിചെയ്യുന്നു. 2 ലക്ഷം ചതുരശ്ര അടി സ്ഥലം കൂടി അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇനിയും 5000 പേർക്കു ജോലി ലഭിക്കും. രണ്ടാം ഘട്ടം പൂർത്തിയാവുമ്പോൾ 10000 പേർക്കും ജോലി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കളമശേരിയിൽ നെസ്റ്റ് ഇലക്ട്രോണിക് മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിച്ചു. 4000 പേർക്ക് ജോലി ലഭിക്കും. കിൻഫ്രയുടെ 10 ഏക്കറിൽ ഫുഡ് പ്രോസസിങ് യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നു. മീറ്റ് ദ് ഇൻവെസ്റ്റർ പദ്ധതിവഴി ഒന്നര വർഷം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടി. 29 വിദേശ കമ്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ തയാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

