ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവ്; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നൽകിയ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും, ഇടപെടലും കൂടുതൽ ആവശ്യപ്പെടുന്ന കാലത്താണ് കാനം നമ്മെ വിട്ടുപിരിയുന്നത്. സിപിഐക്കും, ഇടതുപക്ഷത്തിനും മാത്രമല്ല പൊതുസമൂഹത്തിനും ഇത് തീരാനഷ്ടമാണ്. ആ വിടവ് ഇടതുപക്ഷ ശക്തികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നികത്തുക എന്നതാണ് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വമെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മും സിപിഐയും തമ്മിലുള്ള ദൃഢമായ ഐക്യത്തിന് നേതൃത്വപരമായ പങ്ക് കാനം വഹിച്ചിരുന്നു. ഇടതുപക്ഷത്തിനെതിരെ വരുന്ന വിമർശനങ്ങളെ ശക്തമായി നേരിടുന്നതിൽ കാനം രാജേന്ദ്രൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. വലതുപക്ഷ പ്രചരങ്ങളുടെ മുനയൊടിക്കുന്ന ഇടപെടലായിരുന്നു അവയെല്ലാം. പ്രതികൂല സാഹചര്യങ്ങൾ രൂപപ്പെടുമ്പോഴെല്ലാം ശരിയായ ദിശാബോധത്തോടെ ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വപരമായ പങ്ക് അദ്ദേഹം നിർവ്വഹിച്ചുവെന്ന് എം വി ഗോവിന്ദൻ അറിയിച്ചു.

ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലിടപെട്ട് അവരുടെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീർക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തന ശൈലി കാനത്തിനുണ്ടായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനം സജീവമാക്കി ജനകീയ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് അദ്ദേഹം തൽപരനായിരുന്നു. ആഗോളവൽക്കരണ നയങ്ങൾക്കെതിരായി ഇടതുപക്ഷ ബദൽ മുന്നോട്ടുവെക്കുന്നതിന് സജീവമായ പങ്കാളിത്തം കാനം വഹിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടയം ജില്ലയിലെ വാഴൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയനുമായിരുന്നു. നിയമസഭ സാമജികനെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിലെത്തിക്കാനും, പരിഹരിക്കാനും അദ്ദേഹം മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങളിൽ കണിശമായ നിലപാട് സ്വീകരിച്ച് നിയമസഭൽ ഇടപെടാനും അദ്ദേഹത്തിന് കഴിഞ്ഞു. അസുഖ ബാധിതനായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം കണ്ട അവസരത്തിൽ പൊതുപ്രവർത്തനത്തിൽ മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷയാണ് പങ്കുവെച്ചത്. അതുകൊണ്ട് തന്നെ ഞെട്ടലോടെയാണ് മരണവാർത്ത കേട്ടത്. ഒരു ആയുസ് മുഴുവൻ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച കാനം രാജേന്ദ്രന്റെ വിയോഗത്തിലുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും, സിപിഐ സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.