ന്യൂഡൽഹി: ഇന്ത്യൻ വെബ്‌സൈറ്റുകൾക്കും ഐടി ശൃംഖലയ്ക്കും നേരെ സൈബറാക്രമണം പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും വലിയ ഹാക്കർ ഗ്രൂപ്പുകളിലൊന്ന്. ഈ സാഹചര്യത്തിൽ രാജ്യവ്യാപകമായി കേന്ദ്ര ഏജൻസികൾ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും സൈബർസുരക്ഷ ബലപ്പെടുത്താനുള്ള നടപടികൾ ശക്തമാക്കിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൈബർ ഹൈജീൻ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ നടപ്പാക്കാനും ഹാക്കിങിലൂടെ വിവരങ്ങൾ ചോരുന്നത് തടയാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യമേഖലയിലെ ഐടി ശൃംഖലയായിരിക്കാം ഹാക്കർമാരുടെ പ്രഥമലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡ് കാലത്തിന് ശേഷം ഇത്തരം ഹാക്കർ സംഘങ്ങൾ സാധാരണയായി ആരോഗ്യമേഖല ലക്ഷ്യം വെക്കാറുണ്ട്. ഇത് പരിഗണിച്ചാണ് കേന്ദ്രഏജൻസികൾ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സൈബർസുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയത്.
ഇന്ത്യൻ ഡിജിറ്റൽ ശൃംഖലയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും കയ്യടക്കാനുമായി ഡിസംബർ 11 ന് സംഘടിതമായി ‘സൈബർ പാർട്ടി’ നടത്തുമെന്നാണ് ഹാക്കർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ടെലഗ്രാം ചാനലിലൂടെയാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

