കോഴിക്കോട്: ക്രിസമ്‌സ് കാലത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം മുടങ്ങാൻ സാധ്യത. റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണം കുടിശ്ശികയായതോടെ പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷൻ കടയുടമകൾ വ്യക്തമാക്കുന്നത്. നവകേരളാ സദസ്സിലുൾപ്പെടെ റേഷൻ കടയുടമകൾ പരാതി നൽകിയിട്ടും കമ്മീഷൻ കൃത്യമായി നൽകുന്ന കാര്യത്തിൽ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
പണം സമയത്തിന് കിട്ടിയില്ലെങ്കിൽ വ്യാപാരികൾ ദുരിതത്തിലാകുമെന്നാണ് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി മുഹമ്മദലി ഒരു സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്. കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷൻ തുക കുടിശ്ശികയായതിൽ റേഷൻ കടയുടമകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. റേഷൻ വിതരണം ചെയ്തതിൽ ഒക്ടോബർ, നവംബർ മാസത്തിലെ കമ്മീഷനും കിട്ടിയിട്ടില്ല.
ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളിൽ മുൻകൂർ പണമടച്ചാൽ മാത്രമേ അരിയും ആട്ടയുമുൾപ്പെടെ റേഷൻ വ്യാപാരികൾക്ക് ലഭിക്കൂ. കമ്മീഷൻ കിട്ടാത്ത സാഹചര്യത്തിൽ മുൻകൂർ പണമടക്കാൻ നിവൃത്തിയില്ലെന്നാണ് റേഷൻ കടയുടമകൾ വ്യക്തമാക്കിയിട്ടുള്ളത്. മുൻഗണനാ വിഭാഗമായ നീല, വെള്ള കാർഡുടമകളുടെ അരിയും മഞ്ഞ പിങ്ക് കാർഡുടമകളുടെ ആട്ടയും ക്രിസ്മസ് കാലത്ത് മുടങ്ങുന്ന സ്ഥിതി വരും. പണം ഉടൻ നൽകുകയോ ഭക്ഷ്യധാന്യമെടുക്കുന്നതിന് ക്രെഡിറ്റ് സമ്പ്രദായം ഏർപ്പെടുത്തുകയോ വേണമെന്നതാണ് റേഷൻ കടയുടമകൾ ആവശ്യപ്പെടുന്നത്.

