ഈ പെയിൻ കില്ലർ കഴിക്കാറുണ്ടോ; സൈഡ് എഫക്ട്സിനെ കുറിച്ച് മുന്നറിയിപ്പ് നൽകി വിദഗ്ധർ

നമ്മളിൽ പലർക്കും ശരീര വേദന ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ശരീര വേദന അനുഭവപ്പെടുമ്പോൾ ചിലർ നേരെ മെഡിക്കൽ സ്‌റ്റോറിൽ പോയി മരുന്ന് വാങ്ങി കഴിക്കാറാണ് പതിവ്. ഇങ്ങനെ വേദനകൾക്ക് ആശ്വാസം പകരുന്നതിനായി ഏറ്റവുമധികം പേർ ആശ്രയിക്കുന്ന പെയിൻ കില്ലർ ആണ് മെഫ്റ്റാൽ.

ആർത്തവ വേദന, വാതരോഗത്തിന്റെ ഭാഗമായുണ്ടാകുന്ന വേദന, പല്ലുവേദന എന്നിവക്കെല്ലാം ആളുകൾ വ്യാപകമായി ഈ പെയിൻ കില്ലറിനെ ആശ്രയിക്കാറുണ്ട്. ഈ പെയിൻ കില്ലറിന് സൈഡ് എഫക്ടുകളുണ്ട് എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ’ (ഐപിസി). ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും അതുപോലെ മരുന്ന് ഉപയോഗിക്കുന്ന ഉപയോക്താക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

‘ഈസിനോഫീലിയ, ‘സിസ്റ്റമിക് സിംറ്റംസ് സിൻഡ്രോം’ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഈ പെയിൻ കില്ലറിന്റെ സൈഡ് ഇഫക്ട്‌സ്. ഉയർന്ന പനി, ശ്വാസതടസം, കിതപ്പ്, ചർമ്മത്തിൽ ചൊറിച്ചിൽ, വയറിന് പ്രശ്‌നം, വയറുവേദന, വയറിളക്കം, ഓക്കാനം, മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വൃക്ക, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കാൻ ഈ സൈഡ് എഫക്ടുകൾ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.