സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണം; മാർപ്പാപ്പ

വത്തിക്കാൻ: പിറവിതിരുനാളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണമെന്ന് നിർദ്ദേശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞതിനു പിന്നാലെയാണ് കുർബാന സംബന്ധിച്ച മാർപാപ്പയുടെ സന്ദേശം ലഭിച്ചത്.

സഭ കൂട്ടായ്മയാണ്, കൂട്ടായ്മ ഇല്ലായെങ്കിൽ സഭയില്ല, ഒരു വിഘടിത വിഭാഗമാവുമെന്നും മാർപ്പാപ്പ സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്. പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ വിലയിരുത്തിയെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹവും സ്‌നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താൻ സിനഡ് അംഗങ്ങൾ എല്ലാവരെയും പ്രേരിപ്പിച്ചതെന്നും സന്ദേശത്തിൽ അറിയിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും അവരെ പിന്തുടരരുതെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

സഭ തീരുമാനിച്ചതുപോലെ കൂട്ടായ്മയിൽ തുടരാനും കുർബാനയർപ്പിക്കാനും ആഗ്രഹിക്കുന്നവർക്കെതിരെ അക്രമം നടന്നിട്ടുണ്ട്. സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു. സഭയുടെ, ആത്മീയ നന്മയ്ക്കായി ഈ മുറിവ് ഉണക്കണം. ഇത് നിങ്ങളുടെ സഭയാണ്, നമ്മുടെ സഭയാണ്. കൂട്ടായ്മ പുനഃസ്ഥാപിക്കണം. മാർപ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാർക്കും സംശയം വരാൻ ഇടയാകരുതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.