അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ്; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖയിൽ റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിൽ ചാനലിൽ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസിനോടാണ് അദ്ദേഹം റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് എസ് ഷാനവാസിന്റെ വിമർശനം. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെയായിരുന്നു അദ്ദേഹം ഈ വിമർശനം നടത്തിയത്. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്ന് അധ്യാപകരോട് ഷാനവാസ് പറയുന്നു.

സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.