തിരുവനന്തപുരം: ചലച്ചിത്രതാരം ലെനയ്ക്ക് പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ലെനയെ പരിഹസിക്കുന്നവർക്കെതിരെയാണ് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. ലെനക്ക് വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് യഥാർത്ഥത്തിൽ മനോനില തെറ്റിയിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ നടത്തുന്നത് അസൂയ കൊണ്ടാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പ്രജ്യോതി നികേതൻ കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയായിരുന്ന അദ്ദേഹത്തിന്റെ പരാമർശം.
അദ്ധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് ലെന എത്തിയിട്ടുണ്ടെന്ന താണ് തനിക്ക് പറയാനുള്ളത്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. അത് ഒരു മതത്തിന്റെ പ്രവർത്തനം ആയിട്ടല്ല. ലെനയ്ക്ക് മതമില്ല. നമുക്ക് അങ്ങനെ ഒരു ഫോക്കസ് വേണം. മയക്കുമരുന്ന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വലിസം അല്ലെങ്കിൽ സ്പിരിച്വാലിറ്റി എന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരംശമാണ്. ലെനക്ക് എപ്പോഴാണ് വരാൻ പറ്റുന്നത് എന്ന് നോക്കി ഒരു ഇന്ററാക്ഷൻ സെക്ഷൻ ഇവിടെ വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ ചിലർക്ക് സഹിക്കില്ല. അതിനെ രാഷ്ട്രീയത്തിൽ കുരു പൊട്ടുക എന്ന പറയും. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ. അതിലൊരു കാര്യവുമില്ല. നല്ല മനസ്സിന്റെ സൃഷ്ടി വേണം. കെട്ട് പോകാതെ മനുഷ്യനെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം. ഇവരൊന്നും മതത്തിന്റെ വക്താക്കൾ അല്ല. ജഗ്ഗി വാസുദേവനെ പോലെയൊക്കെയുള്ള 50 പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടികളുടെ കവച സൃഷ്ടിക്കുവേണ്ടി ഇന്ററാക്ഷൻ നടത്തണം. ഒരാൾ പോലും പാഴാവാതെ എല്ലാ കുഞ്ഞുങ്ങളും രാജ്യത്തിന്റെ വമ്പൻ സമ്പത്ത് ആയി തീരട്ടെയെന്നും സുരേഷ് ഗോപി അറിയിച്ചു.

