ന്യൂഡൽഹി: മണിപ്പുരിലെ സായുധ സംഘമായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് സമാധാന കരാറിൽ ഒപ്പുവച്ചു. ഡൽഹിയിൽ വച്ചാണ് സംഘടനാ പ്രതിനിധികൾ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മുഖ്യധാരയിൽ പ്രവർത്തിക്കാനുള്ള ഉടമ്പടിയിൽ ഒപ്പുവച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികം കാലം പ്രവർത്തിച്ചിരുന്ന വിമത സംഘടനയാണിത്.
മണിപ്പുർ സർക്കാർ, കേന്ദ്രസർക്കാർ എന്നിവരുമായാണ് സംഘടന സമാധാന കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന കരാറിനെ ചരിത്രപരമായ നേട്ടം എന്നാണ് വിശേഷിപ്പിച്ചത്. യു.എൻ.എൽ.എഫ്. സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ പരിശ്രമങ്ങളിൽ ഒരു പുതിയ അധ്യായം പിറന്നിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. താഴ്വര ആസ്ഥാനമായി പ്രവർത്തിക്കുന്ന, മണിപ്പുരിലെ ഏറ്റവും പഴക്കം ചെന്ന സായുധസംഘം അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിൽ പ്രവർത്തിക്കാൻ സമ്മതിച്ചു. ജനാധിപത്യ പ്രക്രിയയിലേക്ക് ഞാനവരെ സ്വാഗതം ചെയ്യുകയാണ്. മുന്നോട്ടുള്ള പാതയിൽ അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും സമാധാന നീക്കത്തെ സ്വാഗതം ചെയ്തു. ഈ കൂട്ടായ പരിശ്രമം മണിപ്പുരിനും മുഴുവൻ വടക്കുകിഴക്കൻ മേഖലയ്ക്കും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഭാവി സമ്മാനിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

