തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കുന്ന രീതിയിൽ സർവകലാശാലാ പരീക്ഷകൾ വരുന്ന അദ്ധ്യയനവർഷം മുതൽ പരിഷ്ക്കരിക്കും. എഴുത്തുപരീക്ഷ പരമാവധി 2 മണിക്കൂറാവുന്ന തരത്തിലാണ് പരിഷ്ക്കരണം. ഫൗണ്ടേഷൻ കോഴ്സുകളടക്കം ജനറൽ പേപ്പറുകൾക്ക് ഒരു മണിക്കൂറായിരിക്കും പരീക്ഷ. നാല് ഓപ്ഷനുകളിൽ ശരിയുത്തരം തിരഞ്ഞെടുക്കേണ്ട മൾട്ടിപ്പിൾ ചോയ്സ് രീതിയിലും ഒന്നര മണിക്കൂർ പരീക്ഷയുണ്ടാകും.
ഇന്റേണൽ മാർക്ക് 20ൽ നിന്ന് മുപ്പത് ശതമാനമാക്കി ഉയർത്തും. മൂല്യനിർണയരീതിയിലും മാറ്റമുണ്ടാകുമെന്നാണ് വിവരം. നാലുവർഷ ബിരുദത്തിനടക്കം ഈ മാറ്റങ്ങൾ പ്രാബല്യത്തിലാക്കാൻ വേണ്ടി സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യും. എല്ലാ പേപ്പറുകളുടെയും 20% സിലബസ് പഠിപ്പിക്കുന്ന അദ്ധ്യാപകരാവും തയ്യാറാക്കുക. ഇതിൽ സമകാലിക സംഭവങ്ങളും കണ്ടുപിടിത്തങ്ങളും പുരസ്കാരങ്ങളുമെല്ലാം ഉൾപ്പെടുത്താം.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടേത് വാഴ്സിറ്റിയുടെ ക്യാമ്പുകളിലും. എട്ടാം സെമസ്റ്റർ ഓൺലൈൻ കോഴ്സും ഇന്റേൺഷിപ്പുമാണ്. ചോദ്യപ്പേപ്പർ സർവകലാശാലകളാണ് തയ്യാറാക്കുന്നത്.

