ന്യൂഡൽഹി: ഇന്ത്യൻ മരുന്ന് കമ്പനികൾ ഒരു വർഷത്തിനുള്ളിൽ വികസിപ്പിച്ചെടുത്തത് നാല് അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ. സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് കമ്പനികൾ മരുന്നുകൾ വികസിപ്പിച്ചത്. രോഗങ്ങളിൽ ഭൂരിഭാഗവും ജനിതകമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുഞ്ഞുങ്ങളെയാണ് ഈ രോഗങ്ങൾ കൂടുതലായും ബാധിക്കുന്നത്. ചികിത്സാ ചെലവ് 100 മടങ്ങ് ഈ മരുന്നുകൾ കൊണ്ട് കുറയുന്നുവെന്നാണ് മരുന്നുകമ്പനികൾ അവകാശപ്പെടുന്നത്.
ജനിതക വൈകല്യമായ ടൈറോസിനേമിയ ചികിത്സയ്ക്ക് പ്രതിവർഷം 2.2 കോടി മുതൽ 6.5 കോടി വരെ വാർഷിക ചെലവ് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷത്തേക്ക് 2.5 ലക്ഷം രൂപ മതിയാകും. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഈ രോഗം ബാധിച്ച കുട്ടിക്ക് പത്ത് വയസാകുമ്പോഴേക്ക് മരണം സംഭവിക്കും. നിറ്റിസിനോൺ ( Nitisinone ) എന്നാണ് കുട്ടിയ്ക്ക് നൽകുന്ന മരുന്നിന്റെ പേര്. ഇതുകൂടാതെ ഗൗച്ചേഴ്‌സ് ഡിസീസ് ( Gaucher’s Disease ), വിൽസൺസ് ഡിസീസ്( Wilson’s Disease), ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളും കമ്പനികൾ വികസിപ്പിച്ചിട്ടുണ്ട്.
പ്രതിവർഷം 1.8 – 3. 6 കോടി രൂപവരെ ഗൗച്ചേഴ്‌സ് ഡിസീസ് ചികിത്സയ്ക്ക് വേണ്ടിവരുമായിരുന്നു. എന്നാൽ ഇനി 3.6 ലക്ഷം രൂപ മതിയാകും. വിൽസൺസ് ഡിസീസ് ചികിത്സയ്ക്ക് 2.2 കോടിയിൽ വേണ്ടിടത്ത് ഇനി 2.2 ലക്ഷം രൂപ മതി. ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോത്തിന് പ്രതിവർഷം 7 -34 ലക്ഷം വരെ വേണ്ടിവരുമായിരുന്നു. ഇനി ഒന്നര ലക്ഷം രൂപയ്ക്ക് ചികിത്സ കിട്ടുമെന്നും മരുന്ന് കമ്പനികൾ അവകാശപ്പെടുന്നു.

