ഹമാസ് വിരുദ്ധ പരാമർശം; വിശദീകരണവുമായി ശശി തരൂർ

കോഴിക്കോട്: ഹമാസ് വിരുദ്ധ പരാമർശം നടത്തിയതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. മുപ്പത് മിനിട്ടിൽ കൂടുതലുള്ള പ്രസംഗത്തിൽ പറഞ്ഞത് പാലസ്തീൻ ജനതക്കൊപ്പം എന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിടത്തും ഇസ്രയേലിനെ അനുകൂലിച്ചിട്ടില്ല. മത വിഷയമായി കാണരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലീം ലീഗിന്റെ പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ നടത്തിയ പ്രസംഗമാണ് വിവാദത്തിന് ഇടയാക്കിയത്. ഇസ്രയേൽ-പാലസ്തീൻ വിഷയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോൾ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്.ഗാസയിൽ കൊല്ലപ്പെട്ടത് 48 മാദ്ധ്യമപ്രവർത്തകരാണ്. എല്ലാവരുടെയും ആവശ്യം ബോംബ് ആക്രമണം നിർത്തണമെന്നാണ്. ഒന്നര മാസമായി ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തുന്നു. ആശുപത്രിയിൽ ഉൾപ്പെടെ ബോംബിട്ട് ജനങ്ങളെ കൊല്ലുകയാണ്. ആശുപത്രികളിൽ ഓക്‌സിജനില്ല. വെള്ളം, ഭക്ഷണം എന്നിവ നിർത്തിയിരിക്കുകയാണ് ഗാസയിലെന്നും ശശി തരൂർ അറിയിച്ചു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളിലും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.