നവകേരള സദസ്സിൽ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ; പ്രതീക്ഷയോടെ കാണുന്നുവെന്ന് പ്രതികരണം

കാസർകോട്: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിൽ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ. യുഡിഎഫ് നവകേരള സദസ് ബഹിഷ്‌കരിച്ചിരിക്കെയാണ് ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗമായ അബൂബക്കർ വേദിയിലെത്തിയത്. കാസർകോട് മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രഭാതയോഗത്തിലാണ് അദ്ദേഹം പങ്കുചേർന്നത്.

നവകേരള സദസ്സിന് അബൂബക്കർ ആശംസ അറിയിച്ചു. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി വ്യക്തമാക്കി. കാസർകോട് മേൽപ്പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണം. ജനകീയ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുക എന്നത് തന്റെ ബാധ്യതയാണ്. നാടിന്റെ വികസനത്തിൽ എല്ലാവരും ഒന്നിക്കണം. എല്ലാവരും കൂടിയാലേ നാടാകൂ എന്ന് എല്ലാവരും ഓർക്കണം. നവകേരള സദസിനെ പ്രതീക്ഷയോടെ കാണുന്നു. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

കാസർകോട് ജില്ലയിലെ പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. കക്ഷിരാഷ്ട്രീയം നോക്കിയല്ല ക്ഷണം നൽകിയതെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.