ന്യൂഡൽഹി: നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന കൺവെൻഷൻ തീരുമാനങ്ങൾ പാലിക്കണമെന്ന് കാനഡയോട് ആഹ്വാനം ചെയ്ത് ഇന്ത്യ. വിയന്ന കൺവെൻഷന്റെ വ്യവസ്ഥകൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കണമെന്നാണ് ഇന്ത്യ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകൾ തടസ്സം കൂടാതെയും സുരക്ഷാ ആശങ്കകൾ ഇല്ലാതെയും നിർവഹിക്കാൻ കഴിയുമെന്നും ഇന്ത്യ അറിയിച്ചു.
വാങ്കൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ ഒരു ക്യാംപിനെ തടസ്സപ്പെടുത്താൻ ചില ഖലിസ്ഥാൻ അനുകൂല സംഘടനകൾ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയുടെ കാനഡയിലെ സ്ഥാനപതിയും കോൺസുലേറ്റും അവിടെ കോൺസുലാർ ക്യാംപുകൾ പതിവായി സംഘടിപ്പിക്കാറുണ്ട്. അത്തരമൊരു ക്യാംപ് നവംബർ 12ന് വാങ്കൂവറിന് സമീപം നടത്തിയിരുന്നു. പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങായിരുന്നു അതെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്നാൽ, പ്രശ്നമുണ്ടാക്കാൻ ചില തീവ്രവാദികൾ ശ്രമിച്ചിട്ടും പരിപാടി വിജയകരമായി നടന്നു. ഇന്ത്യയുടെ കോൺസൽ ജനറൽ ആ ക്യാംപിൽ പങ്കെടുത്തിരുന്നില്ല. നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷനെ രാജ്യങ്ങൾ മാനിക്കേണ്ടതിന്റെ ആവശ്യകത തങ്ങൾ ആവർത്തിക്കുന്നു. അതുവഴി ഞങ്ങളുടെ നയതന്ത്രജ്ഞർക്ക് അവരുടെ നയതന്ത്ര ബാധ്യതകൾ നിറവേറ്റാൻ കഴിയുമെന്ന് അദ്ദേഹം വിശദമാക്കി.

