ഡീപ്പ് ഫേക്ക്; സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച്ച നടത്താൻ സർക്കാർ

ന്യൂഡൽഹി: ഡീപ്പ് ഫേക്ക് പ്രശ്നവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുമായി സർക്കാർ കൂടിക്കാഴ്ച നടത്തും. ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഡീപ്പ് ഫേക്കുകൾ നീക്കം ചെയ്യാൻ പ്ലാറ്റ്ഫോമുകൾ മതിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് സംരക്ഷണം നൽകുന്ന ഐടി നിയമത്തിലെ വ്യവസ്ഥ ബാധകമാവില്ലെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാർ ഡീപ്പ് ഫേക്ക് പ്രശ്നവുമായി ബന്ധപ്പെട്ട് അടുത്തിടെ കമ്പനികൾക്ക് നോട്ടീസ് അയച്ചിരുന്നു. അവർ മറുപടി നൽകുകയും ചെയ്തു. എന്നാൽ അത്തരം ഉള്ളടക്കങ്ങൾക്കെതിരെ സ്ഥാപനങ്ങൾ കൂടുതൽ ഫലപ്രദമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ അവർ ഇനിയും കൂടുതൽ നടപടികൾ എടുക്കേണ്ടതുണ്ടെന്നാണ് തങ്ങൾ കരുതുന്നതെന്ന് അദ്ദേഹം വിശദമാക്കി.

എല്ലാ പ്ലാറ്റ്‌ഫോമുകളുമായും താമസിയാതെ തങ്ങൾ കൂടിക്കാഴ്ച നടത്തും. അവരെ വിളിച്ച് സംസാരിക്കുകയും ഡീപ്പ് ഫേക്കുകൾ നീക്കം ചെയ്യുന്നതിന് മതിയായ രീതിയിൽ ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മെറ്റ, ഗൂഗിൾ ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളെ വിളിച്ചു ചേർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.