പ്രതിരോധ മേഖലയ്ക്ക് ഇരട്ടിക്കരുത്ത്; റഷ്യയിൽ നിന്നും വിമാനവേധ മിസൈൽ സംവിധാനം വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: റഷ്യയിൽ നിന്നും വിമാനവേധ മിസൈൽ സംവിധാനം വാങ്ങാനൊരുങ്ങി ഇന്ത്യ. ചൈന, പാകിസ്ഥാൻ അതിർത്തികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ശക്തമായ സംവിധാനമാണിത്.

റഷ്യ ഇഗ്ല-എസ് വിമാനവേധ മിസൈൽ ഇന്ത്യക്ക് നൽകാനുള്ള കരാറിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം ഇഗ്ല-എസ് വിമാനവേധ മിസൈൽ സംവിധാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനം ഇന്ത്യയിലും റഷ്യ അനുവദിക്കും. ഇന്ത്യൻ സേനയുടെ യുദ്ധശേഷി വർധിപ്പിക്കുന്നതിനായി റഷ്യയിൽ നിന്ന് ഇഗ്ല-എസ് വിമാനവേധ മിസൈലുകളുടെ ഒരു ബാച്ച് വാങ്ങാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇഗ്ല-എസ് വ്യോമ പ്രതിരോധ സംവിധാനത്തിന് ഇന്ത്യയ്ക്ക് ലൈസൻസ് നൽകുന്നതിനുള്ള കരാർ ഒപ്പിട്ടതായി റഷ്യയുടെ ആയുധ കയറ്റുമതി ഏജൻസിയായ റോസോബോറോനെക്സ്പോർട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് അലക്സാണ്ടർ മിഖീവ് ദുബായിൽ റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.