തിരുവനന്തപുരം: പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ അഴിച്ചുപണിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്‌തിയെന്ന് റിപ്പോർട്ട്. സംഘടനയുടെ സ്ഥാപക അധ്യക്ഷൻ കൂടിയായ ശശി തരൂരുമായി ആലോചിക്കാതെയാണ് അദ്ദേഹത്തെ മാറ്റിയതെന്ന വിവരമാണ് പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഡേറ്റ വിഭാഗം മേധാവി കൂടിയായ പ്രവീൺ ചക്രവർത്തിയെ പ്രൊഫഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. ഇതിനിടെ വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ആനന്ദ് ശ്രീനിവാസൻ രാജിവച്ചു.
2017ൽ സംഘടന നിലവിൽ വന്ന ഘട്ടത്തിൽ തന്നെ അഞ്ചുവർഷത്തിനുശേഷം പുതിയ ടീം രൂപീകരിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. എന്നാൽ കോവിഡ് അടക്കമുള്ള കാരണങ്ങളാൽ ഇതു നീണ്ടുപോകുകയായിരുന്നു. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഘട്ടത്തിൽ പദവിയിൽ നിന്നു മാറാൻ തരൂർ സന്നദ്ധത അറിയിച്ച് രാജിക്കത്തും നൽകുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം തരൂർ തുടരട്ടെയെന്നായിരുന്നു ഖാർഗെ സ്വീകരിച്ച നിലപാട്.

