രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി. അഴിമതിയുടെയും കലാപത്തിന്റെയും കാര്യത്തിൽ കോൺഗ്രസ് സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ചു. പാർട്ടി സംസ്ഥാനത്ത് നിന്ന് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അപ്രത്യക്ഷമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭരത്പൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ചുകൊണ്ട്, ‘ജാദുഗറിന്’ (മാന്ത്രികൻ) വോട്ട് ചെയ്യേണ്ടതില്ലെന്ന് ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു വശത്ത് ഇന്ത്യ ലോക നേതാവായി മാറുകയാണ്. മറുവശത്ത്, കഴിഞ്ഞ അഞ്ച് വർഷമായി രാജസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. അഴിമതിയിലും കലാപങ്ങളിലും കുറ്റകൃത്യങ്ങളിലും നേതാവായി രാജസ്ഥാനെ കോൺഗ്രസ് ഭരണം മാറ്റി. അതുകൊണ്ടാണ് രാജസ്ഥാൻ പറയുന്നത് – മജീഷ്യൻ ജി, നിങ്ങൾക്ക് വോട്ടൊന്നും കിട്ടില്ലെന്ന്’- പ്രധാനമന്ത്രി പറഞ്ഞു.
‘കോൺഗ്രസ് അധികാരത്തിൽ വരുന്നിടത്തെല്ലാം തീവ്രവാദികളെയും കുറ്റവാളികളെയും കലാപകാരികളെയും അഴിച്ചുവിടുന്നു. പ്രീണനമാണ് കോൺഗ്രസിന് എല്ലാം. പ്രീണനത്തിനായി കോൺഗ്രസിന് ഏത് അറ്റം വരെയും പോകാം, നിങ്ങളുടെ ജീവൻ പണയപ്പെടുത്താൻ വരെ അവർ തയ്യാറാകും”- മോദി കൂട്ടിച്ചേർത്തു.

