നവകേരള സദസ്സിനായി ഒരുങ്ങുന്ന ആഡംബര ബസിന്റെ മൂല്യം പരിപാടിക്ക് ശേഷം കൂടുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കർ. ഡിസംബർ 24ന് നവകേരള ധൂർത്ത് തിരുവനന്തപുരത്ത് സമാപിച്ച ശേഷം ബസ് കൂറ്റനാട് നിന്ന് കൊച്ചിയിലേക്ക് അപ്പം കൊണ്ടുവരാൻ ഉപയോഗിക്കാമെന്ന് ജയശങ്കർ പരിഹസിച്ചു.
“നവകേരള ധൂർത്ത് ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിച്ച ശേഷം കെ ബസ് കൂറ്റനാട് നിന്ന് കൊച്ചിയിലേക്ക് അപ്പം കൊണ്ടുവരാൻ ഉപയോഗിക്കാം, കെ റെയിൽ യാഥാർത്ഥ്യമാകും വരെ ഒരു ഇടക്കാലാശ്വാസം എന്ന നിലയിൽ” ജയശങ്കർ പറഞ്ഞു. അതേസമയം, നവകേരള സദസിന്റെ ഭാഗമായി തയ്യാറാക്കിയ ബസിനു പിന്നിൽ ഒരു രഹസ്യവുമില്ലെന്നാണ് എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചു കഴിയുമ്പോൾ ബസിന്റെ മൂല്യം ഉയരും. പല വിധ ആവശ്യങ്ങൾക്കുമായി ബസ് ഉപയോഗിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

