കാസർകോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. നവകേരള സദസിനായാണ് പണപ്പിരിവ് നടന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നാണ് നിർദേശം. കൂടാതെ പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണം. ഓരോ കുടുംബശ്രീ അയൽക്കൂട്ടവും ഇതിനായിഏർപ്പാടാക്കിയ ബസിന്റെ ചിലവിലേക്കായി 500 രൂപ നൽകണമെന്നാണ് സിഡിഎസ് അധ്യക്ഷ സുമ വാട്ട്സാപ്പിലൂടെ നൽകിയ നിർദേശം. ഈ തുക, വായ്പ നൽകിയ വകയിൽ ലഭിച്ച പലിശയിൽ നിന്ന് എടുക്കണമെന്നാണ് ആവശ്യം.
വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. മഞ്ചേശ്വരം പൈവളിഗൈ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസും. മുഖ്യമന്ത്രിയെ കൂടാതെ 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവ കേരള സദസിൽ പങ്കെടുക്കും. എല്ലാ വധ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കും.

