തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെ.സി.ആർ കൊള്ളയടിച്ച പണം തിരിച്ചുപിടിച്ച് സാധാരണക്കാരുടെ ക്ഷേമപദ്ധതികൾക്കായി ഉപയോഗപ്പെടുത്തുമെന്ന് രാഹുൽ പറഞ്ഞു. ഖമ്മത്ത് നടന്ന റോഡ് ഷോയിൽ സംസാരിക്കവെ ആയിരിന്നു പരാമർശം. വ്യാപകമായ അഴിമതിയാൽ തെലങ്കാനയിലെ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്.കോൺഗ്രസിന്റെ അജണ്ട ജനകീയ സർക്കാർ രൂപീകരിക്കുക എന്നതാണ്. സംസ്ഥാനത്ത് കോൺഗ്രസ് അത് സാധ്യമാക്കും.
പിന്നാലെ, കേന്ദ്രത്തിൽ നിന്നും മോദി സർക്കാറിനെ പുറത്താക്കുമെന്നും രാഹുൽ അവകാശപ്പെട്ടു. തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി നൽകിയ സംഭാവനകളെ ചോദ്യം ചെയ്ത കെ.സി.ആറിനെ രാഹുൽ പരിഹസിച്ചു. അദ്ദേഹം പഠിച്ച സ്കൂളുകളും സഞ്ചരിച്ച റോഡുകളും കോൺഗ്രസ് നിർമിച്ചതാണെന്നും ഹെെദരാബാദിനെ ലോകത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റിയതും തന്റെ പാർട്ടിയാണെന്നും പറഞ്ഞു. തെലങ്കാന സംസ്ഥാനം രൂപീകരിക്കുക എന്ന ജനങ്ങളുടെ ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കരിച്ചത് കോൺഗ്രസാണെന്നും രാഹുൽ കെ.സി.ആറിനെ ഓര്‍മിപ്പിച്ചു.

