ന്യൂഡൽഹി: ആഗോളപ്രശ്നങ്ങളിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ആഗോളദക്ഷിണ രാജ്യങ്ങൾ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ദക്ഷിണ രാജ്യങ്ങളുടെ രണ്ട് സമ്മേളനങ്ങൾ തങ്ങൾക്ക് സ്വയംഭരണാധികാരം ആവശ്യമാണെന്ന വലിയ സന്ദേശം ലോകത്തിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളഭരണനിർവഹണത്തിൽ തങ്ങളുടെ ശബ്ദം കേൾക്കപ്പെടണമെന്ന സന്ദേശവും ഈ സമ്മേളനങ്ങൾ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ സമാപന നേതൃസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജി20 പോലെ പ്രധാനപ്പെട്ട വേദിയിൽ ഈ രാജ്യങ്ങളുടെ ശബ്ദം അജൻഡയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ ഇന്ത്യക്ക് അഭിമാനമുണ്ട്. ഇന്ത്യയിലുള്ള വിശ്വാസത്താലും നിങ്ങളുടെ ഉറച്ച പിന്തുണകൊണ്ടുമാണ് ഇത് സാധിച്ചത്. ഇക്കാര്യത്തിൽ തനിക്ക് നിങ്ങളോട് കടപ്പാടുണ്ട്. ജി20 ഉച്ചകോടിയിൽ ഉയർത്തിയ വിഷയങ്ങൾ വരാനിരിക്കുന്ന വേദികളിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി അറിയിച്ചു.
ഭാരതത്തിന്റെ ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ ആഗോളദക്ഷിണ രാജ്യങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യ പലസ്തീന് 60 ടൺ മരുന്നുകളും മറ്റ് സഹായങ്ങളും കൈമാറി. ഭൂകമ്പം നടന്ന നേപ്പാളിന് ഭാരതം മൂന്നു ടണ്ണിലേറെ മരുന്നുകൾ എത്തിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

