തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ ഓഫീസിലെത്തി പ്രത്യേക ഓഡിറ്റ് നടത്താൻ അക്കൗണ്ടന്റ് ജനറൽ. വെള്ളിയാഴ്ച ലൈഫിന്റെ ഓഫീസിലെത്തി ഓഡിറ്റ് നടത്തുമെന്നാണ് അറിയിപ്പ്. ഇക്കാര്യം അറിയിച്ച് എ ജിയുടെ ഓഫീസ് തദ്ദേശവകുപ്പിന് കത്തയക്കുകയും ചെയ്തു. ‘പെർഫോർമൻസ് ഓഡിറ്റ്’ എന്ന പേരിലാണ് പരിശോധന നടക്കുക.
ലൈഫ് നിർദേശിക്കപ്പെട്ട പെർഫോർമൻസ് ഓഡിറ്റിന്റെ പ്രാഥമിക പഠനത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് എജി വിശദമാക്കുന്നത്. വെള്ളിയാഴ്ചയും തുടർദിവസങ്ങളിലും പരിശോധന നടക്കുമെന്നാണ് അറിയിപ്പിലുള്ളത്. കിഫ്ബിക്കും പെൻഷൻകമ്പനിക്കും പുറമേ ലൈഫിനെയും കടപരിധിയിൽ ഉൾപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നാണ് സർക്കാർ സംശയിക്കുന്നത്.
ലൈഫ് വായ്പയുടെ വിവരങ്ങളും മാനദണ്ഡങ്ങളും അറിയിക്കാൻ ആവശ്യപ്പെട്ട് എ.ജി. രണ്ടുമാസംമുമ്പ് ധനവകുപ്പിന് കത്തയച്ചിരുന്നു. ഹഡ്കോ വഴിയുള്ള വായ്പയും തിരിച്ചടവുരീതിയുമൊക്കെ വിശദീകരിച്ച് ധനവകുപ്പ് മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടക്കുന്നത്.

