കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഉണ്ടാവൂ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ വിഭവങ്ങൾ ഉണ്ടാകുമെന്ന നിലപാട് മന്ത്രി വി ശിവൻകുട്ടി മാറ്റി. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം ഇപ്പോഴേ പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ സംഘാടക സമിതി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സ്‌കൂൾകലോത്സവം പരാതിരഹിതമായി നടത്തുന്നതിന് വേണ്ടനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഉത്തരവാദിത്തത്തോടെയും ഒത്തൊരുമയോടെയും കലോത്സവത്തെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. വിവിധ കമ്മിറ്റികളുടെ ഏകോപനത്തോടെ കലോത്സവം വിജയകരമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി നാല് മുതൽ എട്ട് വരെയാണ് കലോത്സവം. ആശ്രാമം മൈതാനമാണ് പ്രധാന വേദി. നഗരപരിധിയിലെ 24 വേദികളിൽ മത്സരങ്ങൾ നടക്കും. പ്രോഗ്രാം, ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് – പന്തൽ, ഭക്ഷണം, പ്രചരണം തുടങ്ങി 20 സബ് കമ്മിറ്റികൾ രൂപീകരിച്ചു.
എൻ കെ പ്രേമചന്ദ്രൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, എം എൽ എ മാരായ എം മുകേഷ് , ജി എസ് ജയലാൽ, സുജിത്ത് വിജയൻ പിള്ള, എം നൗഷാദ്, കോവൂർ കുഞ്ഞുമോൻ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ്, വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ സി എ സന്തോഷ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ ഐ ലാൽ, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

