നവകേരള സദസ്സ് നാളത്തെ കേരളത്തിനാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

നവകേരള സദസ്സ് നാളത്തെ കേരളത്തിനാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്.ധൂർത്തെന്ന ആരോപണം വെറും കുപ്രചാരണമാണെന്നും പറയുന്നു. ലോകത്ത് ആദ്യമായി മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുന്ന പരിപാടിയാണ്. ജനങ്ങളിലേക്ക് ഇറങ്ങാൻ ആവശ്യമായ പണം ചിലവഴിക്കണം. വലിയ റിസൾട്ട് ഭാവി കേരളത്തിനായി ഉണ്ടാകും. പ്രതിപക്ഷം കുപ്രചാരണം നിർത്തി നല്ലതിനെ അഭിനന്ദിക്കാൻ തയ്യാറാകണമെന്നും നല്ലതിനെ നല്ലതെന്ന് പറഞ്ഞാൽ പ്രതിപക്ഷത്തിനു പോസറ്റീവ് ആകുമെന്നും പറഞ്ഞു.

18നു മഞ്ചേശ്വരം മണ്ഡലത്തിലാണ് നവകേരള സദസ്സ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. നവകേരള സദസ്സ് കഴിയുന്നതു വരെയുള്ള മന്ത്രിസഭാ യോഗങ്ങൾ മറ്റു ജില്ലകളിലാണു ചേരുക.

ഈ മാസം 22നു തലശ്ശേരിയിലും 28നു വള്ളിക്കുന്നിലും ഡിസംബർ ആറിനു തൃശൂരിലും 12നു പീരുമേട്ടിലും 20നു കൊല്ലത്തുമാണ് മന്ത്രിസഭാ യോഗങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സിനു ജില്ലകളിൽ ഇതുവരെ നടത്തിയ തയാറെടുപ്പ് മന്ത്രിസഭായോഗം അവലോകനം ചെയ്തിരുന്നു. എല്ലാ മന്ത്രിമാരും നിർബന്ധമായും എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.