വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ല; ഹൈക്കോടതിയെ സമീപിക്കാൻ മറിയക്കുട്ടി

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി നാളെ ഹൈക്കോടതിയിൽ ഹർജി നൽകും. വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്ന് മറിയക്കുട്ടി അറിയിച്ചു. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തുവെന്നും മറിയക്കുട്ടി അറിയിച്ചു.

പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകാത്തത് ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ്. മക്കളോട് കൂടി ആലോചിച്ച ശേഷമായിരിക്കും നാളെ ഹൈക്കോടതിയിൽ എത്തുക. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും തനിക്കെതിരെ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങൾ തടയണമെന്നും തന്റെ പേരിൽ ഭൂമി ഉണ്ടെന്ന് പറഞ്ഞ സിപിഎം അത് കാണിച്ചു തരാൻ തയ്യാറാകണമെന്നും മറിയക്കുട്ടി ഒരു സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിച്ചു.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം ഉണ്ടായത് മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് മറിയക്കുട്ടിയുടെ നീക്കം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങൾ തടയണമെന്നും കൃത്യമായി പെൻഷൻ നൽകാൻ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടി വ്യക്തമാക്കുന്നത്.