നവകേരള സദസ്; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായി ആഡംബര ബസ്സ് ഒരുക്കുന്നതിൽ ന്യായീകരണവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ്സ് ഒരുക്കുന്നതിൽ ന്യായീകരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് മോടി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ട്രാഫിക് ജാം ഒഴിവാക്കാനാണ് ബസിൽ യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ ചേർന്ന് നടത്തുന്ന യാത്രയാണ്. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്‌കോട്ടും മറ്റ് സംവിധാനങ്ങളുമായി 75 വാഹനങ്ങൾ പോയാലുള്ള ചെലവെത്രയാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ഒന്നരമാസക്കാലം കാസർകോട് നിന്ന് ഇവിടെവരെ ഇത്രയും വാഹനം ഓടിക്കുമ്പോൾ ചെലവ് വളരെ വലുതായിരിക്കും. ബസിൽ യാത്രചെയ്യുമ്പോൾ ചെലവ് കുറയുകയാണ്. 25 സീറ്റുള്ള ബസ് പിന്നീട് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കും. 18-ാം തിയതി ബസിൽ നിന്നായിരിക്കും നവകരേള സദസ്സിനായി യാത്ര തിരിക്കുന്നത്. രഹസ്യ കേന്ദ്രത്തിലല്ല ബസ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം വിശദമാക്കി

അതേസമയം, നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. നവകേരള സദസിനുള്ള പ്രത്യേക ബസിന്റെ നിർമാണം ബെംഗളൂരുവിൽ നടന്നുവരികയാണ്. സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ 1.05 കോടി രൂപ അനുവദിച്ച് നവംബർ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ബജറ്റിൽ നീക്കിവെച്ച തുകയ്ക്ക് പുറമെ അധികഫണ്ടായാണ് ബസിന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിന് ബാധകമല്ലെന്നും ധനവകുപ്പ് വിശദീകരിച്ചു.