ഗാസ: വടക്കൻ ഗാസ മുനമ്പിൽ മാനുഷിക വെടിനിർത്തൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ സേന. പലസ്തീനികളെ തെക്കൻപ്രദേശത്തേക്ക് ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ തുടരുക. വാദി ഗാസയുടെ തെക്ക് ഭാഗത്തേക്കുള്ള സലാ അൽ-ദിന്നിലൂടെ രാവിലെ ഒമ്പതിനും (09:00) വൈകീട്ട് നാലുമണിക്കുമിടയിൽ സുരക്ഷിതമായ പാത തുറന്നിരിക്കുന്നതായി ഐഡിഎഫ് അറബിക് ഭാഷാ വക്താവ് ലഫ്. കേണൽ അവിഷെ അഡ്രെയ്സ് വ്യക്തമാക്കി. സുരക്ഷ മാനിച്ച് സമീപദിവസങ്ങളിൽ തെക്കൻ പ്രദേശത്തേക്ക് പാലായനം ചെയ്തവർക്കൊപ്പം ചേരാനും അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ ഈ മേഖലയിൽ സൈനിക നടപടികൾ താത്കാലികമായി നിർത്തിവെക്കുമെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, ഗാസയിൽ ബന്ദിയാക്കിയ 70 സ്ത്രീകളെയും കുട്ടികളെയും വിട്ടയയ്ക്കുമെന്ന് ഹമാസ് ഉറപ്പുനൽകിയിട്ടുണ്ട്. ഖത്തർ സഹോദരന്മാരുടെ ഇടപെടൽ പ്രകാരം സ്ത്രീകളും കുട്ടികളുമായ ശത്രുബന്ദികളെ മോചിപ്പിക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതിന് പകരമായി തടവിലാക്കിയ 200 പലസ്തീൻ കുട്ടികളെയും 75 സ്ത്രീകളെയും മോചിപ്പിക്കും. ഹമാസിന്റെ സായുധവിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദ ടെലഗ്രാമിലൂടെ അയച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

